ശീർഷകചിത്രം വരച്ചു തന്നത് പ്രിയ സുഹൃത്ത് ആർട്ടിസ്റ്റ് ബാലകൃഷ്ണൻ, കോട്ടയം

Saturday 29 September 2012

കടങ്കഥപ്പാട്ട്

ന്തയ്ക്കു പോണൊണ്ടേലന്തപ്പാ! നീയൊരു
ചാരത്തിപ്പൂണ്ടോനെ വാങ്ങി വായോ!
ചാരത്തിപ്പൂണ്ടോനെ വാങ്ങണം -പിന്നൊരു
വാളാവളഞ്ചനെ കൂട്ടി വായോ!

ചന്തയ്ക്കു പോണൊണ്ടേലന്തപ്പാ! നീയൊരു
മുതുകത്തുമുള്ളനേം വാങ്ങി വായോ!
മുതുകത്തുമുള്ളനെ വാങ്ങണം -പിന്നൊരു
വട്ടിവയറനെ കൂട്ടിവായോ!

ചന്തയ്ക്കു പോയിട്ടിങ്ങന്തപ്പൻ വന്നിട്ടി-
ങ്ങെന്തൊക്കെ കൊണ്ടന്നു കുട്ടികളേ!

 ചാരത്തിപ്പൂണ്ടൊരു കുമ്പളങ്ങ -പിന്നെ
വാളവളഞ്ചൻ പടവലങ്ങാ
മുതുകത്തു മുള്ളുള്ള പാവയ്ക്കാ -പിന്നൊരു
വട്ടി വയറുള്ള മത്തങ്ങയും



*മലയാളത്തിലെ ഒരു കടങ്കഥയാണ് ഈ പാട്ടിന് പ്രചോദനം




Monday 24 September 2012


ശങ്കുണ്ണിക്കെപ്പഴും ശങ്ക


പേരും നേരും

ങ്കുണ്ണിക്കെപ്പഴും ശങ്കയാണയ്യയ്യോ!
വേലപ്പനെപ്പഴും വേവലാതി.
കുന്തം വിഴുങ്ങിയ മട്ടിലിരിക്കുന്നൊ-
രന്തപ്പനെപ്പഴും ചിന്ത തന്നെ.
അന്തം വിട്ടെപ്പോഴും പായുന്നിതന്തോണി
എന്തിനാണെന്നുള്ളതാർക്കറിയാം?
നാലാളെ കാണുമ്പോള്‍  നാണം കുണുങ്ങുന്ന
നാണുവോ പെണ്ണല്ലൊരാണുമല്ല.
വേലയില്ലാത്തൊരു വേലുവിനാണെങ്കിൽ
നാലുനേരോം നല്ല തീറ്റി വേണം!
വണ്ണം കൊണ്ടൊട്ടുമനങ്ങുവാൻ  വയ്യാത്ത
കണ്ണപ്പനെണ്ണബ്ഭരണി പോലെ.
വിക്രമനാളൊരു വിക്രമൻ തന്നെയാ-
ണക്രമം മാത്രമേ കയ്യിലുള്ളു.
രാവുണ്ണിയെക്കൊണ്ടു ശല്യമില്ലാർക്കുമേ
രാവും പകലുമുറക്കമല്ലോ!

Wednesday 19 September 2012

റൺസെത്ര?



വീട്ടിലൊരാളില്ലച്ഛനുമമ്മേം
ഡ്യൂട്ടിയിലായൊരു നേരത്ത്
കൂട്ടരുമൊത്തു കളിച്ചു ഞങ്ങള്
വീട്ടിനകത്തും ക്രിക്കറ്റ്.

കളിയുടെ ഫോമിൽ ഞങ്ങളു സച്ചിൻ-
ദ്രാവിഡുഗാംഗുലിമാരായി.
ബൗളിംഗങ്ങു കൊഴുത്തു തുടങ്ങി
ബാറ്റിംങ്ങയ്യട! ബഹുജോറ്!

വിക്കറ്റല്ല, തകർന്നു ജനാല-
ച്ചില്ലുകൾ, പിന്നൊരു ബക്കറ്റ്
ക്യാച്ചിനു പാഞ്ഞിട്ടേട്ടൻ ചെന്നു
മറിഞ്ഞു തകർന്നൊരു ടീസെറ്റ്.

കുപ്പികൾ നാലഞ്ചെണ്ണമുടഞ്ഞു
കപ്പുകൾ പിന്നെ ട്യൂബുകളും
കളി  തുടരുമ്പോള്‍  ടീവിയുമങ്ങനെ 
ഹാളിലിരുന്നതു പലതുമവുട്ടായ്!

ഉച്ചയ്ക്കന്നൊരു പതിവില്ലാതെ-
ന്നച്ഛൻ വന്നൊരു നേരത്ത്
സച്ചിൻ ഞാനൊരു സിക്സറടിച്ചി-
ട്ടച്ഛനു കൊണ്ടു തലയ്ക്കിട്ട്!

സ്റ്റമ്പായ് വച്ചൊരു കമ്പുമെടുത്തി-
ട്ടമ്പയറച്ഛനുറഞ്ഞു വരുമ്പോ
ക്യാച്ചു കൊടുക്കാതെങ്ങളു പിന്നൊരു
പാച്ചിലു പാഞ്ഞതിൽ റൺസെത്ര?



Sunday 16 September 2012

ക്രിക്കറ്റുമണ്ടന്മാർ


ക്രിക്കറ്റു മണ്ടന്മാർ ടിക്കറ്റെടുത്തൊരു

ക്രിക്കറ്റുമാച്ചിന്നു പോയൊരിക്കൽ 
ബൗളിംഗും ബാറ്റിംഗും ഇന്നിംഗ്സുമൊക്കെയായ്
കളിയങ്ങു ജോറായി വന്ന നേരം
കോട്ടുവായിട്ടിട്ടു കൂട്ടരിലൊന്നാമൻ
കൂട്ടുകാർ കേൾക്കെ പറഞ്ഞുവത്രേ!
എന്തൊരു ബോറൻ കളിയിതു കൂട്ടരേ!
ഗോളൊന്നുപോലുമടിച്ചതില്ല.
രണ്ടാമൻ കേട്ടങ്ങു പൊട്ടിച്ചിരിച്ചുപോയ്             
വിഡ്ഢിത്തമേവം വിളമ്പാതെ കേശവാ!
ഗോളടിക്കുന്നതു ക്രിക്കറ്റിലല്ലെടോ!
വോളിബോളെന്ന കളിയിലല്ലോ!
മണ്ടത്തരമിതു കേട്ടിട്ടു മൂന്നാമൻ 
ചൊല്ലുന്നു കൂട്ടരേ! മിണ്ടതിരിക്കുവിൻ!
അറിയില്ലയെങ്കിലോ പറയാതിരിക്കണം
അറിവുള്ളോർ പറയുമ്പോൾ കേട്ടങ്ങിരിക്കണം
ഇതുവരെ നിങ്ങൾക്കറിയില്ലേ? കഷ്ട,മീ
ഗോളടി ബാസ്ക്കറ്റുബോളിലല്ലോ!