ശീർഷകചിത്രം വരച്ചു തന്നത് പ്രിയ സുഹൃത്ത് ആർട്ടിസ്റ്റ് ബാലകൃഷ്ണൻ, കോട്ടയം

Sunday, 23 December 2012

എന്തൊരു വാല്


കാണാനഴകുള്ളെന്‍  
പൈക്കുട്ടിയെപ്പഴും 
പയ്യിന്നരികത്തു നില്‍പ്പാണ് 
പയ്യെ ഞാന്‍ ചെന്നാലൊ----
രോട്ടമാണയ്യട!  
കയ്യെത്തും മുമ്പൊരു 
ചാട്ടമാണ് 
പൈക്കുട്ടിയോടുമ്പോ--
ളെന്തൊരു സ്പീഡാണ് 
ഓടിപ്പിടിക്കാനും പാടാണ് 
വാലില്‍ പിടിക്കുവാന്‍ 
ചേലാണെന്നാകിലും 
നിന്നു തരാനെന്തു വാലാണ്?




Saturday, 1 December 2012

വയ്യില്ലേലും ...



പയ്യിനെയിന്നു നനച്ചോടാ?
ചെയ്യണമെന്നു നിനച്ചില്ല.
പയ്യിനു കാടി കൊടുത്തോടാ?
അയ്യെൻറമ്മേ! ഓർത്തില്ല.
പയ്യിനു പുല്ലു മുറിച്ചോടാ?
വയ്യെൻറമ്മേ! സുഖമില്ല.
പയ്യിൻ പാലു കുടിക്കാൻ വാ!
വയ്യില്ലേലും ദാ വരണു!


* അവലംബം - ഇതേ ആശമുള്ള ഒരു നാടൻകുട്ടിക്കവിത


Monday, 12 November 2012

അമ്പട! ഹയ്യട!

ആണ്ടെ! വരുന്നൊരു ചെണ്ടക്കാരൻ
നീണ്ടുമെലിഞ്ഞ കഷണ്ടിക്കാരൻ.
ചെണ്ടക്കോലു കണക്കു വളഞ്ഞൊരു
ചെണ്ടക്കാരൻ നീലാണ്ടൻ.
കണ്ടാലാളൊരു മണ്ടൻ തന്നെ
മിണ്ടാൻ പോലും കെല്പില്ലാത്തോൻ
കണ്ടവരങ്ങനെ പറയും പക്ഷേ,
കേട്ടവരാരുണ്ടവനുടെ മേളം.
കാണുമ്പോലല്ലാളൊരു കേമൻ
കാണണമെങ്കിൽ പൂരം വരണം
കോലം കെട്ടീട്ടാന നിരന്നാൽ
നീലാണ്ടന്റെ പുറപ്പാടായ്!
ചെണ്ടയുമായവനെത്തുന്നേരം
താളം മുറുകും മേളം മുറുകും
അതു കേട്ടാളുകൾ തലയാട്ടീടും
അമ്പട! ഹയ്യട! എന്തൊരു മേളം.

Saturday, 6 October 2012

"കടുവാനാണൂ സിന്ദാബാദ്!"

വിടുവാനാണു ചെറുപ്പം തൊട്ടേ 
വെടി പറയാനൊരു വിരുതൻ തന്നെ.
മടി കൂടാതവനുടനെ പറയും
ഞൊടിയിട കൊണ്ടോരു നൂറു വെടി.
ഇടതടവില്ലാതിരുപതു ദിവസം
വെടികൾ പറഞ്ഞാ ഗിന്നസ്ബുക്കിൽ
കയറിക്കൂടിയ നാണു പറഞ്ഞൊരു
സൂപ്പർവെടിയുണ്ടതു കേട്ടോളിൻ.

ഒരുനാളവനൊരു കാട്ടിൽക്കൂടി

വരുവാനിടയായ് നേരമിരുട്ടി.
കടുവയൊരെണ്ണം നേർക്കു വരുന്നു!
കുറുവടി പോലും കൈവശമില്ല.
തലയിലിരുന്നൊരു തൊപ്പിയെടുത്താ
കടുവയ്ക്കിട്ടൊരു കൊട്ടുകൊടുത്താൻ
നടുവിന്നടി കൊണ്ടവിടെ മറിഞ്ഞു
കടുവ പിടഞ്ഞു വടിയായി.
കടുവക്കഥയിതു കേട്ടവരെല്ലാം
കുടുകുടെയങ്ങു ചിരിച്ചിട്ടുടനെ
തെരുതെരെയങ്ങു വിളിച്ചു തുടങ്ങി
"കടുവാനാണൂ സിന്ദാബാദ്!"


Saturday, 29 September 2012

കടങ്കഥപ്പാട്ട്

ന്തയ്ക്കു പോണൊണ്ടേലന്തപ്പാ! നീയൊരു
ചാരത്തിപ്പൂണ്ടോനെ വാങ്ങി വായോ!
ചാരത്തിപ്പൂണ്ടോനെ വാങ്ങണം -പിന്നൊരു
വാളാവളഞ്ചനെ കൂട്ടി വായോ!

ചന്തയ്ക്കു പോണൊണ്ടേലന്തപ്പാ! നീയൊരു
മുതുകത്തുമുള്ളനേം വാങ്ങി വായോ!
മുതുകത്തുമുള്ളനെ വാങ്ങണം -പിന്നൊരു
വട്ടിവയറനെ കൂട്ടിവായോ!

ചന്തയ്ക്കു പോയിട്ടിങ്ങന്തപ്പൻ വന്നിട്ടി-
ങ്ങെന്തൊക്കെ കൊണ്ടന്നു കുട്ടികളേ!

 ചാരത്തിപ്പൂണ്ടൊരു കുമ്പളങ്ങ -പിന്നെ
വാളവളഞ്ചൻ പടവലങ്ങാ
മുതുകത്തു മുള്ളുള്ള പാവയ്ക്കാ -പിന്നൊരു
വട്ടി വയറുള്ള മത്തങ്ങയും



*മലയാളത്തിലെ ഒരു കടങ്കഥയാണ് ഈ പാട്ടിന് പ്രചോദനം